#3
- Perooseril Sasikumar
- Aug 16, 2020
- 1 min read
ഈ വർത്തമാനം കേട്ടതുകൊണ്ടാണ് വണ്ടിയിലെ ആകെ മൊത്തം കണ്ണുകളും എൻ്റെ നേരെ തുറിച്ചു വന്നത്. സത്യത്തിൽ അപ്പോളാണ് മുകളിലേയ്ക്ക് പൊക്കിപ്പിടിച്ചിരുന്ന ആ നോട്ടിലേയ്ക്ക് എൻ്റെ കണ്ണ് ചെന്നത്. പ്ലാസ്റ്റർ ഒട്ടിച്ച ,നെടുകെ കീറിയ ഒരഞ്ചു രൂപാ നോട്ട്. വലിയ നോട്ട് കൊടുത്താലുള്ള കണ്ടക്ടർമാരുടെ നോട്ടത്തെ ഭയന്നാണ് സത്യത്തിൽ ആകെയുണ്ടായിരുന്ന നൂറ് രൂപാ നോട്ട് ഒരു പരിചക്കാരൻ്റെ കടയിൽ നിന്നും ചില്ലറയാക്കിയത്. സൌഹൃദത്തിന് കോട്ടം തട്ടേണ്ടന്ന് കരുതിയാണ് കിട്ടിയ തപ്പാടെ മടക്കി പോക്കറ്റിലിട്ടത്. അറിയാതെ പറ്റിയ താന്നെന്ന് പറയാൻ മനസ്സിൽ തോന്നിയെങ്കിലും വാക്കുകളൊന്നും പുറത്തു വന്നില്ല. എന്നെ പേടിപ്പിച്ചു കളഞ്ഞ കുറെ തുറിച്ച കണ്ണുകളായിരുന്നു കാരണം. വേഗം തന്നെ വേറൊരു നോട്ട് കൊടുത്ത് എൻ്റെ അഭിമാനത്തിനെ മുറിവേൽപിച്ച സാധനം തിരികെ വാങ്ങിയെങ്കിലും, ആ തുറിച്ച കണ്ണുകളെല്ലാം പുഛ ഭാവത്തിലേയ്ക്ക് മാറിയപ്പോൾ സത്യത്തിൽ കരയണമെന്ന് തോന്നിപ്പോയി.ഉമ്മായുടെ വാക്കു കേൾക്കാതെ തന്നിഷ്ടത്തിനിറങ്ങി പുറപ്പെട്ടതല്ലേ, അനുഭവിക്കണം. ആ പെരുമഴയത്ത്, സ്റ്റാൻഡിലെത്തി, ബസ് ലേറ്റാണെന്ന് കേട്ടപ്പോൾ തുടങ്ങിയ ഭയപ്പാടാണ്. അത് കൂടിക്കൂടി വരുന്നു.
ഞാൻ വരുമെന്നറിയാമെന്നതുകൊണ്ട്, പൂഞ്ഞാർ ബസും കാത്ത് വഴിയിൽ അച്ഛൻ രാവിലെ അഞ്ചര മണിക്കു തന്നെ വന്ന് നിൽക്കുമെന്നുറപ്പ്. മൂന്ന് കിലോമീറ്റർ നടന്നു വേണം വഴിയിലെത്താൻ.നാലു മണിക്കു തന്നെ അമ്മ എഴുന്നേറ്റിട്ടുണ്ടാവും. അതമ്മയുടെ ശീലമാണ്. രാവിലെ തന്നെ എന്തെങ്കിലും കഴിക്കാനുണ്ടാക്കും. അച്ഛനെ എന്തെങ്കിലും കഴിപ്പിച്ചിട്ടേ വിട്ടിട്ടുണ്ടാകു. വെളുപ്പിനെ ഞാൻ വീട്ടിലെത്തിയാൽ അമ്മ സ്ഥിരം പറയുന്നതാണ്, "എടാ ലേശം ചോറ് കഴിക്കടാ, എങ്കിലേ ഒരു ബലമുള്ളു" ന്ന്. ഹോസ്റ്റലിലെ ബ്രേക്ക് ഫാസ്റ്റൊന്നും വീട്ടിൽ കിട്ടില്ല. സീസണനുസരിച്ച് കപ്പയോ, ചക്കയോ ആവും. ഓഫ് സീസണിൽ ഒണക്കക്കപ്പ അല്ലേൽ ഒണക്കച്ചക്ക. ഒന്നുമില്ലേൽ ചേന, ചേമ്പ്, കാച്ചിൽ ഇത്യാദി സാധനങ്ങളായിരിക്കും. രാവിലെ തന്നെ ഒരു പ്ലേറ്റ് ചോറുണ്ണുന്നവരുമുണ്ട്..ഹൈറേഞ്ചിലെ നാട്ടുമ്പുറത്ത് ഇങ്ങനെയൊക്കെ തന്നെയാണ്. പറമ്പിൽ തൂമ്പ കി ളയ്ക്കണമെങ്കിൽ നല്ല ബലം വേണം. ഹോസ്റ്റലിൽ വന്നതിനു ശേഷമാണ് ഇഡലി, ദോശ ഒക്കെ ശീലമാക്കുന്നത്. ഓരോന്നോർത്തോർത്ത് ഒന്നു മയങ്ങിപോയോ?.....
പെട്ടെന്നൊരു സഡൻ ബ്രേക്കിലാണ് എൻ്റെ ബാലൻസ് തെറ്റിയത്.വീണില്ലന്നേയുള്ളു. മയക്കത്തിൽ നിന്നും പെട്ടെന്നുള്ള ആ ഞെട്ടൽ മാറിയപ്പോഴാണത് കണ്ടത് .മുട്ടീ മുട്ടിയില്ല എന്ന പോലെ മുന്നിലൊരു വണ്ടി. ഉറക്കത്തിൽ നിന്ന് ഞെട്ടിയെഴുന്നേറ്റാൽ കുറെ സെക്കൻ്റുകൾ ഒന്നും ചെയ്യാതെ വെറുതെയിരിക്കണം. ഇല്ലേൽ അബദ്ധത്തിൽ ചെന്ന് പെ ടുമെന്നുറപ്പ്. വണ്ടിയിലിരുന്നുറ ങ്ങി ഞെട്ടിയുണർന്ന് സ്റ്റോപ്പായെന്നു കരുതി ചാടിയിറങ്ങി നോക്കീട്ട് നല്ല ബോധം വരുമ്പോഴെ അറിയു ഇനിയും കിലോമീറ്ററുകൾ നടക്കാനുണ്ടെന്ന്. മുന്നിലെ വണ്ടിയിൽ നിന്നാളുകൾ ഇറങ്ങി മുന്നോട്ടോടുന്നു. എൻ്റെ വണ്ടിയിൽ നിന്നും ആളുകൾ ഇറങ്ങി പോകുന്നുണ്ട്. മുമ്പിലെന്തോ ഒന്ന് സംഭവിച്ചിരിക്കുന്നു. തീർച്ച! ഞാനുമിറങ്ങി.ഒരു റെയിൽവേ ഗേറ്റാണ്. മെല്ലെ മുന്നോട്ട് ചെന്നു നോക്കിയപ്പോൾ കണ്ട കാഴ്ച യിൽ ഞാൻ അറിയാതെ വിളിച്ചു പോയി .... എന്നുമ്മാാാാ ! ! !
തുടരും...
コメント