#4
- Perooseril Sasikumar
- Aug 16, 2020
- 1 min read
ഭയാനകമായൊരു കാഴ്ചയായിരുന്നൂ അത്. ആരുടെയൊക്കെയോ നിലവിളിയും കേൾക്കുന്നുണ്ട്.ഒരു ലോറി റെയിൽവേ ഗേറ്റിലിടിച്ച് ഏതാണ്ട് മറിഞ്ഞൂ മറിഞ്ഞില്ല എന്ന പോലെയൊരു സീനായിരുന്നൂ എൻ്റെ മുന്നിൽ . ഏതാനും നിമിഷങ്ങൾക്ക് മുന്നേയുണ്ടായ അപകടം. അടുത്തുചെന്നപ്പോഴാണ് മനസ്സിലായത്. കള്ളുകുടിച്ചാന്നോടാ വണ്ടിയോടിക്കുന്നതെന്ന് ചോദിച്ച് ,കോഴിക്കോട്ടേക്കുള്ള വഴിയും പറഞ്ഞു കൊടുത്ത് സെക്യൂരിറ്റിക്കാർ വിട്ട അതേ പാണ്ടി ലോറി.പക്ഷേ ഓടിക്കൊണ്ടിരുന്നതോ തൃശൂർക്കും.വാർക്കക്കമ്പികളായിരുന്നു ലോറിയിൽ. കമ്പികളൊക്കെ ചുറ്റും ചിതറിക്കിടക്കുന്നു. ഇടിയുടെ ആഘാതത്തിൽ കുറെയൊക്കെ കാബിനിലേയ്ക്ക് തറഞ്ഞു കയറിയിട്ടുണ്ട്. അതിനിടയിലായി ഡ്രൈവറും കിളിയും ഏതാണ്ടബോധാവസ്ഥയിൽ. റെയിൽവേ ജീവനക്കാരും നാട്ടുകാരുമൊക്കെ കൂടി കാബിനൊക്കെ തല്ലിപ്പൊളിച്ച് രണ്ടുപേരെയും പുറത്തെടുത്തു.ഗുരുതരമായ പരിക്കുകളാണ്. അടുത്തു കിടന്ന കാറിൽക്കയറ്റി രണ്ടു പേരെയും ഏതോ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. അന്ന് കണികണ്ടവനെ ഞാൻ വീണ്ടും വീണ്ടും ശപിച്ചു.
ഏതാണ്ടൊന്നര മണിക്കൂറിനു ശേഷമാണ് വണ്ടി വീണ്ടും ഉരുണ്ടു തുടങ്ങിയത്. നേരം വെളുത്തതിനു ശേഷമാണ് വണ്ടി പെരുമ്പാവൂരെത്തിയത്.പല പല സ്റ്റോപ്പുകളിലായി ആളുകൾ കയറുന്നു, ഇറങ്ങുന്നു. സത്യത്തിൽ ഇപ്പോൾ വലിയ തിരക്കൊന്നുമില്ല. പക്ഷേ ആ ലോറി കണ്ടതിനു ശേഷം ഇതേ വരെ എനിക്കൊന്ന് മയങ്ങാൻ പോലും പറ്റിയിട്ടില്ല. ആറ് മണിക്ക് പൂഞ്ഞാറിലെത്തേണ്ട വണ്ടിയാണ്. ഇപ്പോൾ പെരുമ്പാവൂർ ബസ്സ്റ്റാൻഡിലെ കാൻ്റീനോട് ചേർന്ന് പാർക്ക് ചെയ്തിരിക്കയാണ്. പതിനഞ്ച് മിനിട്ട് സമയമുണ്ട്. ഡ്രൈവർക്കൊന്ന് ഫ്രഷ് ആകാനുള്ള സമയമാണ്. ചായവേണ്ടവർക്ക് കുടിയ്ക്കാമെന്ന് കണ്ടക്ടർ വിളിച്ചു പറഞ്ഞു. സത്യത്തിൽ ആ ബ്രേക്ക് എനിക്കത്യാവശ്യമായിരുന്നു. താഴെയിറങ്ങി, മുഖമൊന്ന് കഴുകി, മൂത്രമൊഴിച്ചു,, ഡബിൾ സ്ട്രോംഗായൊരു ചായയും കുടിച്ചു. ഒരു പുതുജീവൻ വന്ന മാതിരി. വണ്ടി വിടാറായി. വിസ്തരിച്ചൊന്ന് ചാഞ്ഞിരുന്നു. മയങ്ങിപ്പോയതറിഞ്ഞില്ല.
അയ്യോ ! പോയേ..! എന്ന നിലവിളിയും മറ്റൊച്ചപ്പാടുകളുമാണെൻ്റെ ഉറക്കത്തെ വീണ്ടും ഞെട്ടിച്ചത്.. എൻ്റെ തൊട്ട സീറ്റിലെ മദ്ധ്യവയസ്കനാണ് എഴുന്നേറ്റ് നിന്ന് നിലവിളിക്കുന്നത്. കൂടെ ഒരു സ്ത്രീയും രണ്ടു കുട്ടികളുമുണ്ട്.നിലവിളിയോടെത്തന്നെ എൻ്റെ തലയ്ക്ക് മീതെ കൈയിട്ട് ബല്ലടിച്ചു. വണ്ടി നിന്നു....
തുടരും....
Comments