വീണ്ടും യാത്രക്കാരുടെ തുറിച്ച കണ്ണുകൾ ഞാൻ കണ്ടു. പക്ഷേ ഇപ്പോളത് അന്ധാളിപ്പോടെയായിരുന്നു. ഇപ്പോൾ അയാൾക്കൊപ്പം ആ സ്ത്രീയും കുട്ടികളും കരയുന്നുണ്ട്. ആർക്കും ഒന്നും മനസിലായില്ല. എൻ്റെ പിൻസീറ്റിലിരുന്ന കണ്ടക്ടർ ചാടിയെഴുന്നേറ്റ്, രണ്ട് കൈയും കൊണ്ടയാളുടെ തോളത്തു പിടിച്ചു. അയാൾ പറഞ്ഞ പ്രകാരം..... ഭാര്യയും മക്കളുമായി അങ്ങ് കണ്ണൂരിൽ നിന്നും വരികയാണ്. ഈരാറ്റുപേട്ടയ്ക്കാണ് പോകേണ്ടത്. നാളെ അനുജത്തിയുടെ കല്യാണ നിശ്ചയമാണവിടെ.ഭാര്യയുടെ ആഭരണങ്ങളും മറ്റും പണയം വെച്ച ഏഴായിരം രൂപയുമായിട്ടായിരുന്നു യാത്ര. നാളെ നിശ്ചയ സമയത്ത് ചെറുക്കന് കൊടുക്കേണ്ട സ്ത്രീധനത്തുകയായിരുന്നു. ഭദ്രമായി പൊതിഞ്ഞ് ബനിയനുള്ളിൽ വെച്ചിരുന്നതാണ്. ഇപ്പോളത് കാണാനില്ല. നാളെ തുക കൊടുത്തില്ലെങ്കിൽ ആ നിശ്ചയം മുടങ്ങും. അവൾക്ക് ഞാൻ മാത്രമേയുള്ളു. എല്ലാവർക്കും ചങ്കു കലങ്ങുന്ന ഒരു വാർത്തയായിരുന്നു അത്.ആകെപ്പാടെ ബഹളമായി... കിട്ടിയ സന്ദർഭത്തിൽ ഓരോരുത്തരും അവരുടെ വാക് സാമർഥ്യങ്ങൾ വെളിവാക്കി.
"അങ്ങനെ വിട്ടാൽ പറ്റില്ല, വണ്ടി നേരെ പോലീസ് സ്റ്റേഷനിലേക്ക് വിട്"
"അതെന്തിന് ,രൂപയെടുത്തവൻ അപ്പോഴെ സ്ഥലം വിട്ടു കാണും"
"പിന്നെന്തിന് വെറുതെ മറ്റുള്ളവരുടെ സമയം മെനക്കെടുത്തുന്നു"
" ആ.. കുറെ ചൂടും ശുഷ്ക്കാന്തിയുമൊക്കെ വേണമെന്നേ "
അയാളും മറ്റു ചിലരും ചേർന്ന് വണ്ടിയ്ക്കുള്ളിലാകെയൊന്നു പരതിയെങ്കിലും ഫലമുണ്ടായില്ല. വണ്ടി സ്റ്റേഷൻ വിട്ട് എം സീ റോഡിലേയ്ക്ക് കയറിയതേയുള്ളു. വീണ്ടും തിരിച്ച് സ്റ്റാൻഡിലെത്തി. കാൻ്റീനും പരിസരവും അരിച്ചുപെറുക്കീട്ടും കാര്യമുണ്ടായില്ല.നേരത്തെയുണ്ടായ ലോറിയപകടത്തിൽ കമ്പി മാറ്റാനും മറ്റുമായി പോയപ്പോൾ നഷ്ടപ്പെട്ടിരിക്കാമെന്ന് ചിലർ പറഞ്ഞപ്പോൾ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി ആ കുടുംബം. കണ്ടക്ടർ പറഞ്ഞതനുസരിച്ച് സ്റ്റേഷൻ മാസ്റ്റർക്കൊരു പരാതി കൊടുത്തിട്ട് വണ്ടി വീണ്ടും എം സീ റോഡിലേയ്ക്ക് പാഞ്ഞു.. വണ്ടി ഏതാണ്ടഞ്ചഞ്ചര മണിക്കൂർ ലേറ്റായിട്ടാണ് ഓടിക്കൊണ്ടിരിക്കുന്നത്. പുറത്ത് മഴ പെയ്തു കൊണ്ടേയിരിക്കുന്നു. ഏതായാലും ആ തണുപ്പിൽ വീണ്ടുമെനിക്കൊന്നു മയങ്ങാൻ സാധിച്ചു.
എല്ലാവരും സാധനങ്ങളുമായി ഇറങ്ങിക്കോളൂ, വണ്ടി ഇവിടെം വരെയേ ഉള്ളൂ.കണ്ടക്ടറുടെ വാക്കു കേട്ടാണുണർന്നത്. സമയം പത്തു കഴിഞ്ഞിരിക്കുന്നു.പുറത്തേയ്ക്ക് നോക്കി. ഓ ! പാലായിലെത്തിയിരിക്കുന്നു. ബാഗും തൂക്കി സാവകാശം പുറത്തിറങ്ങി. രാവിലെ പൂഞ്ഞാറിലെത്തിയാൽ , ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് തിരിച്ച് രാജഗിരിക്ക് വണ്ടി പുറപ്പെടുന്നത്. അപ്പോൾ തന്നെ തിരിച്ച് പാലായിലേയ്ക്ക് വണ്ടി കൊണ്ടുവരും. ഗാരേജ് പാലായിലേ ഉള്ളു.പതിവു ചെക്കിംഗ് അവിടെയാണ്. മാത്രമല്ല. ഡ്രൈവറും കണ്ടക്ടും റെസ്റ്റെടുക്കുന്നതും പാലായിലാണ്.പെട്ടെന്നൊരു ബഹളം കേട്ടാണങ്ങോട്ടു നോക്കിയത്.... തുടരും
Comments