പത്തു പൈസയ്ക്കെന്തു വിലയുണ്ട്?
(40 വർഷങ്ങൾക്ക് മുമ്പ് ഒരു ദിവസം )
മര കൃഷ്ണൻ്റെ ക്ലാസു കഴിഞ്ഞു വന്നാൽ അന്നേയ്ക്ക് പിന്നെ നമ്മളെ ഒന്നിനും കൊള്ളില്ല.ഉന്മേഷം പമ്പ കടന്നിരിക്കും. എനർജി ബൂസ്റ്റ് ചെയ്യാൻ എന്തെങ്കിലുമൊന്നുണ്ടായില്ലെങ്കിൽ ,'പിന്നെ ജീവിതം പിറ്റേന്ന് രാവിലെ വരെ വേതാളത്തെ പോലെ തൂങ്ങിക്കിടക്കും. ആ സമയത്താണ്, സന്തോഷത്തോടെ, ചിരിച്ച മുഖവുമായി, മുമ്പെതോ ലോട്ടറിയടിച്ചിട്ടുള്ള ഭാഗ്യവാനേപ്പോലെ രാജൻ്റെ എൻട്രി. മുറിയനാണ്. പ്രായവും പക്വതയും കൂടുതലുണ്ട്.
പൊതുവെ ചിരിക്കാറില്ല.ഗൗരവക്കാരനാണ്.അതുകൊണ്ടുതന്നെയാണ് ഒരു ബഹുമാനം നമ്മളെപ്പോഴും കാത്തു സൂക്ഷിക്കുന്നത്. ആശാനും എൻ്റെ ക്ലാസിലായിരുന്നെങ്കിൽ ഇന്നീ ഉന്മേഷം കാണുമായിരുന്നില്ല.
ശശീ....ഞാൻ മിണ്ടിയില്ല.
തിരിഞ്ഞ് നോക്കിയിട്ട് വീണ്ടും, ശശീ..... ഇന്നൊരു സിനിമയ്ക്ക പോയാലോ? കേട്ടപാതി കേൾക്കാത്ത പാതി, കാൽ പെരുമാറ്റം കേട്ട അൾസേഷ്യനെപ്പോലെ ഞാനുഷാറായി. വേഗം പേർസെടുത്തു നോക്കി. പൈസയുണ്ട്' .ആ ...പോയേക്കാംരാജാ.....!
രാജൻ വാഷ് റൂമിൽ പോയ സമയത്ത് വീണ്ടും പേർസെടുത്ത് പൈസ എണ്ണി നോക്കി. എൺപത് പൈസയുണ്ട്. മൂന്നാം ക്ലാസ് ടിക്കറ്റിന് തൊണ്ണൂറ് പൈസ വേണം. എല്ലാ ഹോസ്റ്റൽ മേറ്റ്സിനും പൊതുവായൊരു സ്വഭാവമുണ്ട്. മൂന്നാം ക്ലാസിലേ കയറൂ. എണ്ണിച്ചുട്ട അപ്പം പോലെയാണ് മാസാമാസം പൈസ വരുന്നത്. മാത്രവുമല്ല, വി ഐ പി ലോഞ്ചിൽ മസിലുപിടിച്ചിരിക്കാൻ ഈ എനർജി പിള്ളേർക്ക് സാധിക്കുകയേയില്ല.!
രാജൻ റെഡിയായി. ഹാപ്പിയാണ്. എനിക്കറിയാം രാജൻ്റെ കൈയിൽ പൈസയുണ്ട്. രണ്ടു ദിവസം മുമ്പാണ് ചേട്ടൻ ഹോസ്റ്റലിൽ വന്നു പോയത്. ചേട്ടൻ ഗവൺമെൻ്റ് ജീവനക്കാരനാണ്. പൈസ കൊടുത്തിട്ടുണ്ടാവും. അതാവും ഈ സന്തോഷത്തിനു പിന്നിൽ..
പോകാം രാജാ... ഞാൻ റെഡി, ടിക്കറ്റെടുത്തേക്കണേ.. കൈയിലുള്ള എൺപത് പൈസ രാജൻ്റെ കൈയിൽ കൊടുത്തു. പത്തു പൈസ കുറവുണ്ടേ. അതിനെന്താ ഞാൻ ടിക്കറ്റെടുത്തേക്കാം...
ആ പത്തു പൈസയുടെ കടം ഇന്നും ഞാൻ രാജന് വീട്ടിയിട്ടില്ല ! ഈ നാല്പതു വർഷങ്ങൾക്കിപ്പുറം ആപത്തു പൈസയ്ക്ക് ഇന്നെന്തു വിലയുണ്ടാകും.???
Comments